വന്ദേമാതരം വിവാദം; 'സോണിയക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം', എം എ ബേബി

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ച സംഭവത്തിൽ കോൺഗ്രസ് നേതൃത്വം വിശദീകരണം നൽകിയിട്ടുണ്ടെന്ന് എം എ ബേബി പറഞ്ഞു

വന്ദേമാതരം വിവാദം; 'സോണിയക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം', എം എ ബേബി

ദില്ലി: വന്ദേമാതരം വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി എം എ ബേബി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രതിപക്ഷത്തെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ച സംഭവത്തിൽ കോൺഗ്രസ് നേതൃത്വം വിശദീകരണം നൽകിയിട്ടുണ്ടെന്ന് എം എ ബേബി പറഞ്ഞു. എന്നാൽ തെലങ്കാനയിലും കർണാടകയിലും കോൺഗ്രസ് സർക്കാരുകൾ ഗാനത്തിന്റെ മുഴുവൻ വരികളും ആലപിച്ച സാഹചര്യത്തിൽ പാർട്ടി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും എം എ ബേബി രൂക്ഷ വിമർശനം ഉന്നയിച്ചു. നക്സലിസത്തെക്കാൾ അപകടകരമായത് ഗോഡ്സെയുടെ ആശയങ്ങൾ തലച്ചോറിൽ സൂക്ഷിക്കുന്നവരാണെന്നും അത്തരം ചിന്താഗതിയുള്ളവരാണ് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ പരീക്ഷാ ഏജൻസിയുടെ പ്രവർത്തനത്തിലെ വീഴ്ചകൾ ആവർത്തിക്കുന്നതായും എം എ ബേബി കുറ്റപ്പെടുത്തി. പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ മാറ്റം വേണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഐഐടി ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകൾ കേന്ദ്രീകൃതമായി നടത്തുകയും മറ്റ് പരീക്ഷകൾ വികേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.