‘വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളെ പ്രശംസിച്ച് ജഗദീഷ്

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ സതീശൻ കൈകാര്യം ചെയ്യുന്ന രീതിയും പഠിക്കേണ്ടതാണെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. കാര്യങ്ങൾ പഠിച്ച് വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് ജഗദീഷ് പറഞ്ഞത്

‘വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളെ പ്രശംസിച്ച് ജഗദീഷ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ വിജ്ഞാനവും വിനോദവും ഒരുപോലെ നൽകുന്നതാണെന്നും വസ്തുതകളും കണക്കുകളും അടിസ്ഥാനമാക്കി അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി ശ്രദ്ധേയമാണെന്നും ജഗദീഷ് പറഞ്ഞു. തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ സതീശൻ കൈകാര്യം ചെയ്യുന്ന രീതിയും പഠിക്കേണ്ടതാണെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. കാര്യങ്ങൾ പഠിച്ച് വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് ജഗദീഷ് പറഞ്ഞത്. ‘വെരി ഡെയറിങ്’, ‘വെരി ഡിപ്ലോമാറ്റിക്’ എന്നിങ്ങനെ പലരും സതീശനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, തനിക്ക് അദ്ദേഹം ‘വെരി ഡൗൺ ടു എർത്ത് സതീശൻ’ ആണെന്നും ജഗദീഷ് പറഞ്ഞു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കാലത്തെ അനുഭവവും ജഗദീഷ് വേദിയിൽ പങ്കുവച്ചു. പ്രചാരണത്തിനായി ഒരു ദിവസം മുഴുവൻ ലഭിക്കണമെന്ന് സ്ഥാനാർഥി ആവശ്യപ്പെട്ടതിനെ തുടർന്ന് നിരവധി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. 42 പ്രസംഗങ്ങൾ പട്ടികയിലുണ്ടെന്ന് കണ്ട സതീശൻ അത്രയും പ്രസംഗിക്കേണ്ടതില്ലെന്നും 21 അല്ലെങ്കിൽ 22 പ്രസംഗങ്ങൾ മതിയെന്നും പറഞ്ഞതായി ജഗദീഷ് ഓർത്തെടുത്തു. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്ന വ്യക്തിയാണ് സതീശനെന്ന് അന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സർക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും ആവശ്യമില്ലെന്നും ജഗദീഷ് വ്യക്തമാക്കി. താൻ നിഷ്പക്ഷനായ കലാകാരനാണെന്നും സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം തെറ്റുകൾ കണ്ടാൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ നിലപാടിന് വിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാൽ അതിൽ ആവശ്യമായ തിരുത്തൽ മുഖ്യമന്ത്രി വരുത്തുമെന്ന വിശ്വാസമുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.