ഓസ്‌ട്രേലിയയിലെ വിഎഫ്എസ് കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തി; ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾക്ക് തിരിച്ചടി
ഇന്ത്യൻ വിസ, പാസ്‌പോർട്ട് പുതുക്കൽ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, രേഖകളുടെ അറ്റസ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള എല്ലാ കോൺസുലാർ സേവനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്
കാൻബെറ: ഓസ്‌ട്രേലിയയിലുടനീളമുള്ള വിഎഫ്എസ് ഗ്ലോബൽ കേന്ദ്രങ്ങളിലൂടെ ലഭിച്ചിരുന്ന ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതോടെ വിസ, പാസ്‌പോർട്ട് പുതുക്കൽ, ഒസിഐ ഉൾപ്പെടെയുള്ള സേവനങ്ങൾ തേടിയിരുന്ന നൂറുകണക്കിന് അപേക്ഷകർ അനിശ്ചിതത്വത്തിലായി. ജൂലൈ 1 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി അവസാനിപ്പിച്ചതായി വിഎഫ്എസ് ഗ്ലോബൽ അറിയിച്ചു.
ഇന്ത്യൻ വിസ, പാസ്‌പോർട്ട് പുതുക്കൽ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, രേഖകളുടെ അറ്റസ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള എല്ലാ കോൺസുലാർ സേവനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. സേവനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത നൽകിയിട്ടില്ലെങ്കിലും, കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് നിരന്തരം പരിശോധിക്കണമെന്ന് അപേക്ഷകരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂൾ അവധിക്കാലം ആരംഭിച്ച സാഹചര്യത്തിൽ കുടുംബസമേതം ഇന്ത്യയിലേക്ക് യാത്ര ഒരുക്കിയിരുന്നവരും, പാസ്‌പോർട്ട് പുതുക്കലിനായി കാത്തിരുന്ന ഇന്ത്യൻ പ്രവാസികളും, ഇന്ത്യയിലേക്ക് പോകാൻ വിസ ആവശ്യമുള്ള ഓസ്‌ട്രേലിയൻ പൗരന്മാരും ഈ തീരുമാനത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതം നേരിടുകയാണ്. അടിയന്തര യാത്രാ ആവശ്യങ്ങളുള്ളവർ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധാപൂർവം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിന്റെ കാരണം സംബന്ധിച്ച് വിഎഫ്എസ് ഗ്ലോബലോ കാൻബെറയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മെൽബണിലെ വിഎഫ്എസ് കേന്ദ്രം കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, നിലവിലെ സേവന തടസ്സത്തിന് ഓഫീസ് മാറ്റവുമായി യാതൊരു ബന്ധവുമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Comments ()