ഉപരാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി; ലോക്ഭവന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഡ്രോൺ നിരോധനം
സുരക്ഷാ ഭീഷണി ഒഴിവാക്കാൻ ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ലോക്ഭവന്ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങളില്‍ നിന്നുള്ള സുരക്ഷാ ഭീഷണികള്‍ ഒഴിവാക്കാനും വിഐപി സുരക്ഷ ഉറപ്പാക്കാനുമായി ഡ്രോണ്‍ റൂള്‍സ് 2021-ലെ ചട്ടം 24 പ്രകാരമാണ് നടപടി.
ഇന്നും നാളെയും തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് വ്യോമമേഖലാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളില്‍ അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും കര്‍ശനമായി തടഞ്ഞിട്ടുണ്ടെന്നും പൊതുജനങ്ങളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം-ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാനാണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുന്നത്. വൈകുന്നേരം അഞ്ചിന് മാനവീയം വീഥിക്ക് സമീപമുള്ള വയലാർ പ്രതിമയ്ക്ക് മുന്നിൽ നിന്ന് ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും. ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുക്കുന്ന ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പാളയത്തെ പ്രത്യേക പവലിയനിൽ നിന്ന് ഘോഷയാത്ര വീക്ഷിക്കും.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തുന്നത്. രാവിലെ 8.30ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന ഉപരാഷ്ട്രപതി നേരെ ആലപ്പുഴയിലേക്ക് പോകും. കേരളകൗമുദി പത്രത്തിന്റെ വാർഷികാഘോഷ ചടങ്ങിലും പദ്മഭൂഷൺ ബഹുമതി ലഭിച്ച വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുക്കും.
ആറന്മുളയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്നഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കും. പിന്നീട് തിരുവനന്തപുരത്തേക്ക് എത്തുന്ന ഉപരാഷ്ട്രപതി ഓണം വാരാഘോഷ സമാപനം പരിപാടിയിൽ പങ്കെടുക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എറണാകുളത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ട്.
Comments ()