വിജയിയുടെ ലണ്ടൻ യാത്ര; ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി മാറ്റിവെച്ചു

തമിഴ്‌നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മാവന്റെ സ്ഥാനത്തുനിന്ന് സ്വർണമോതിരം സമ്മാനിക്കുന്നതാണ് ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി

വിജയിയുടെ ലണ്ടൻ യാത്ര; ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി മാറ്റിവെച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ച ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഉദ്ഘാടന പരിപാടി മാറ്റിവെച്ചു. സെപ്റ്റംബർ 15ന് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനം കണക്കിലെടുത്താണ് പരിപാടി നീട്ടിയത്. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിയുടെ ആദ്യ ഔദ്യോഗിക വിദേശ യാത്രയാണിത്.

തമിഴ്‌നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മാവന്റെ സ്ഥാനത്തുനിന്ന് സ്വർണമോതിരം സമ്മാനിക്കുന്നതാണ് ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി. വിജയിയുടെ പ്രത്യേക താൽപര്യപ്രകാരം പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടമായിരുന്നു സെപ്റ്റംബർ 15ന് നടത്താൻ തീരുമാനിച്ചിരുന്നത്. അന്ന് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മോതിരം നൽകുന്നതിനൊപ്പം പദ്ധതിയുടെ ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ നടത്താനും തീരുമാനിച്ചിരുന്നു.

തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിജയ് ലണ്ടനിലേക്ക് പോകുന്നത്. യാത്രയുടെ തീയതികൾ നേരത്തെ നിശ്ചയിച്ചിരുന്നതിനാലാണ് സെപ്റ്റംബർ 15ലെ പരിപാടി മാറ്റിവെച്ചതെന്നാണ് വിവരം. പദ്ധതിയുടെ പുതിയ തീയതി സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി ലണ്ടൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.