കണ്ണീരിലും മാതൃകയായി കുടുംബം; ഇരുപതുകാരൻ വിഷ്ണു ഇനി നാല് പേരിലൂടെ ജീവിക്കും

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ട വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്യുന്നത്.

കണ്ണീരിലും മാതൃകയായി കുടുംബം; ഇരുപതുകാരൻ വിഷ്ണു ഇനി നാല് പേരിലൂടെ ജീവിക്കും

കോഴിക്കോട്: ഇരിങ്ങല്‍ സ്വദേശിയായ 20 വയസുകാരന്‍ വിഷ്ണുവിന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതുജീവന്‍ പകരും. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ട വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്യുന്നത്. ഇതില്‍ വിഷ്ണുവിന്റെ വൃക്കകള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നതിനായി പോലീസ് പ്രത്യേക ഗ്രീന്‍ കൊറിഡോര്‍ ഒരുക്കിയിട്ടുണ്ട്.

വിഷ്ണുവിന്റെ കരളും ഒരു വൃക്കയും കോര്‍ണിയയും കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കായി നല്‍കും. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ വിഷ്ണുവിനെ ജൂലൈ 6-നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്ന്ു. അവിടെവെച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ കനത്ത വേദനയ്ക്കിടയിലും വിഷ്ണുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം മാതൃകാപരമായ തീരുമാനമെടുക്കുകയായിരുന്നു.