ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാൻ ഫോക്‌സ്‌വാഗൺ; ജർമ്മനിയിലെ 4 ഫാക്ടറികൾ പൂട്ടിയേക്കും

കമ്പനിയില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് ഫോക്‌സ്വാഗണ്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാൻ ഫോക്‌സ്‌വാഗൺ; ജർമ്മനിയിലെ 4 ഫാക്ടറികൾ പൂട്ടിയേക്കും

യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജര്‍മ്മനിയിലെ ഫാക്ടറികള്‍ പൂട്ടാനും വലിയ തോതില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുമാണ് കമ്പനിയുടെ തീരുമാനം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒലിവര്‍ ബ്ലൂമിന്റെ നേതൃത്വത്തിലാണ് ഈ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്. ജര്‍മ്മന്‍ മാധ്യമമായ 'മാനേജര്‍ മാഗസിന്‍' ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

കമ്പനിയില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് ഫോക്‌സ്വാഗണ്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. നേരത്തെ 50,000 ജീവനക്കാരെ കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും, നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ കണക്കിലെടുത്ത് വെട്ടിച്ചുരുക്കല്‍ ഇരട്ടിയാക്കാന്‍ സി.ഇ.ഒ ഒലിവര്‍ ബ്ലൂം നിര്‍ദ്ദേശിക്കുകയായിരുന്നു. പോര്‍ഷെ, ഔഡി തുടങ്ങിയ പ്രമുഖ ആഡംബര ബ്രാന്‍ഡുകളുടെ മാതൃ കമ്പനിയായ ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന് കീഴില്‍ നിലവില്‍ ലോകമെമ്പാടുമായി ഏകദേശം 6,57,000 ജീവനക്കാരുണ്ട്.

കൂടാതെ, ജര്‍മ്മനിയിലെ നാല് പ്രധാന നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടാന്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ചിലവുകള്‍ ചുരുക്കി 2030-ഓടെ 11 ബില്യണ്‍ യൂറോ ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഇഒ ഒലിവര്‍ ബ്ലൂമിന്റെ ഈ നീക്കം.

മൂന്ന് പ്രധാന കാരണങ്ങളാണ് ഫോക്സ്വാഗനെ ഈ കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചത്. അമേരിക്കന്‍ വിപണിയിലെ ഉയര്‍ന്ന നികുതി നിരക്കുകള്‍, കമ്പനിയുടെ ഏറ്റവും വലിയ വിപണിയായ ചൈനയിലുണ്ടായ ബിസിനസ് തകര്‍ച്ച, യൂറോപ്യന്‍ വിപണിയില്‍ ചൈനീസ് ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ബി.വൈ.ഡി, സ്റ്റെല്ലാന്റിസ് എന്നിവരില്‍ നിന്നുണ്ടായ കടുത്ത മത്സരം എന്നിവയാണവ..

ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തങ്ങളുടെ മറൈന്‍ എഞ്ചിന്‍ പ്ലാന്റായ 'എവര്‍ലന്‍സ്' ന്റെ 51 ശതമാനം ഓഹരികള്‍ വിറ്റ് കമ്പനി മുന്‍പ് പണം സമാഹരിച്ചിരുന്നു. ഇതിനുപുറമേ, നിലവില്‍ വര്‍ഷം തോറും ഉത്പാദിപ്പിക്കുന്ന വാഹനങ്ങളുടെ എണ്ണം 1.2 കോടിയില്‍ നിന്ന് 90 ലക്ഷമായി ചുരുക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.