സോനം വാങ്ചുക്കിന്റെ സമരം അവസാനിച്ചു; പോരാട്ടത്തിന് നന്ദി അറിയിച്ച് സിജെപി

ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു

സോനം വാങ്ചുക്കിന്റെ സമരം അവസാനിച്ചു; പോരാട്ടത്തിന് നന്ദി അറിയിച്ച് സിജെപി

ന്യൂഡല്‍ഹി:വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തിയുള്ള പ്രക്ഷോഭം തുടരുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) വ്യക്തമാക്കി. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു.

സോനം വാങ്ചുക്കിന്റെ സമരത്തെ അഭിനന്ദിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. രാജ്യത്തിന്റെ ശ്രദ്ധ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിലേക്ക് തിരിക്കാൻ വാങ്ചുക്കിന്റെ സമരത്തിന് കഴിഞ്ഞെന്നും, സ്വന്തം ആരോഗ്യം പോലും അവഗണിച്ച് നടത്തിയ അദ്ദേഹത്തിന്റെ പോരാട്ടം വിലമതിക്കാനാകാത്തതാണെന്നും ദിപ്കെ പറഞ്ഞു.

അതേസമയം, ദീർഘമായ ചർച്ചകൾക്കും വിവിധ നേതാക്കളുടെ അഭ്യർഥനകൾക്കും ശേഷമാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷസാധ്യത ഉയരുന്ന സാഹചര്യവും തീരുമാനത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു.

പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഗാന്ധി സ്മൃതിയിലേക്കുള്ള മാർച്ചിന് പിന്നാലെ പാർലമെന്റിലും പ്രതിപക്ഷ പ്രതിഷേധം തുടരാനാണ് സാധ്യത. സമരം അവസാനിപ്പിച്ചതിന്റെ പശ്ചാത്തലവും തുടർനടപടികളും സംബന്ധിച്ച് ഉടൻ വിശദമായ പ്രതികരണം പുറത്തുവിടുമെന്നും വാങ്ചുക്ക് അറിയിച്ചു.