ആകാശയുദ്ധത്തിന് പിന്നാലെ അമേരിക്ക-ഇറാൻ സംഘർഷം കടലിലേക്കും; 24 മണിക്കൂറിനിടെ 9 കപ്പലുകൾക്ക് നേരെ ആക്രമണം

ഖർഗ് ദ്വീപിന് സമീപം ആക്രമിക്കപ്പെട്ട എണ്ണ ടാങ്കറിന് പുറമെ ജസക് മേഖലയിലെ എം.ടി. സ്റ്റാർകിനും അമേരിക്കയുടെ ആക്രമണമുണ്ടായെന്നാണ് വിവരം. ആക്രമിക്കപ്പെട്ട ഇറാന്റെ ടാങ്കറുകളിൽ എം.ടി. കീലോ ഒമാൻ കടലിന് സമീപം പൂർണമായും മുങ്ങിയതായും റിപ്പോർട്ടുണ്ട്

ആകാശയുദ്ധത്തിന് പിന്നാലെ അമേരിക്ക-ഇറാൻ സംഘർഷം കടലിലേക്കും; 24 മണിക്കൂറിനിടെ 9 കപ്പലുകൾക്ക് നേരെ ആക്രമണം

ടെഹ്റാൻ: അമേരിക്ക-ഇറാൻ സംഘർഷം കടലിലേക്കും വ്യാപിച്ചതോടെ ഗൾഫ് മേഖലയിൽ ആശങ്ക വർധിക്കുന്നു. 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും പരസ്പരം കപ്പലുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളുടെ എണ്ണം ഒമ്പതായി. ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾ അമേരിക്ക ആക്രമിച്ചപ്പോൾ, തിരിച്ചടിയായി അമേരിക്കൻ ബന്ധമുള്ളതടക്കം ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.

ഖർഗ് ദ്വീപിന് സമീപം ആക്രമിക്കപ്പെട്ട എണ്ണ ടാങ്കറിന് പുറമെ ജസക് മേഖലയിലെ എം.ടി. സ്റ്റാർകിനും അമേരിക്കയുടെ ആക്രമണമുണ്ടായെന്നാണ് വിവരം. ആക്രമിക്കപ്പെട്ട ഇറാന്റെ ടാങ്കറുകളിൽ എം.ടി. കീലോ ഒമാൻ കടലിന് സമീപം പൂർണമായും മുങ്ങിയതായും റിപ്പോർട്ടുണ്ട്.

ഇറാന്റെ തിരിച്ചടിയിൽ രണ്ട് അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി ഇറാൻ അവകാശപ്പെട്ടു. ഒരു വിമാനവാഹിനിക്കപ്പലിനെയും മറ്റൊരു ചെറിയ യുദ്ധക്കപ്പലിനെയും ലക്ഷ്യമിട്ടെന്നാണ് ഇറാന്റെ വാദം. ആക്രമണം അമേരിക്ക സ്ഥിരീകരിച്ചെങ്കിലും ആളപായമുണ്ടായിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ ആക്രമണത്തെ തുടർന്ന് കപ്പലുകൾ അവയുടെ സ്ഥാനത്തുനിന്ന് മാറിയെന്നാണ് ഇറാൻ പറയുന്നത്.

ഇതിന് പുറമെ ആളില്ലാ ബോട്ടും അമേരിക്കൻ ബന്ധമുള്ളതായി ചൂണ്ടിക്കാട്ടിയ മൂന്ന് കപ്പലുകളും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. അതേസമയം, ആക്രമണങ്ങൾക്ക് മുന്നോടിയായി കപ്പലുകളിലെ ജീവനക്കാർ കടലിൽ ചാടി രക്ഷപ്പെടണമെന്ന മുന്നറിയിപ്പ് നൽകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും വ്യാപകമായി ഇരുപക്ഷവും കടലിലെ കപ്പലുകളെ ലക്ഷ്യമിടുന്നത്. സംഘർഷം രൂക്ഷമാകുന്നത് കപ്പൽ ജീവനക്കാരുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ്. ഇതിനോടകം തന്നെ നിരവധി നാവികർ സംഘർഷത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഹോർമൂസ് കടലിടുക്കിൽ ഇറാൻ ആക്രമിക്കുന്ന ഓരോ കപ്പലിനും സമാനമായ രീതിയിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. ഇതോടെ മേഖലയിൽ കടൽമാർഗമുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമാകുമെന്ന ആശങ്കയും ഉയരുകയാണ്.