വയനാട് മണ്ണിടിച്ചിൽ: അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും; മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദർശിക്കും
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികളും നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കള്ളാടിയിലെത്തും.
കൽപ്പറ്റ: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരന്തഭൂമിയിൽ കെ-9 (കഡാവർ) നായ്ക്കളെയും അത്യാധുനിക ഉപകരണങ്ങളെയും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികളും നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കള്ളാടിയിലെത്തും.
ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ, ബിഹാർ സ്വദേശി വികാസ് കുമാർ, ഝാർഖണ്ഡ് സ്വദേശി അന്മോൾ എന്നിവരാണ് മരിച്ചവർ. വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവർക്കായാണ് തിരച്ചിൽ തുടരുന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മണ്ണിടിച്ചിൽ നടന്ന മേഖലയിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം അധികൃതർ വിലക്കിയിട്ടുണ്ട്. പ്രദേശം നാല് മേഖലകളായി വിഭജിച്ച് ശാസ്ത്രീയ രീതിയിലുള്ള പരിശോധനയാണ് ഇന്ന് നടത്തുക. മണ്ണിനടിയിൽ എന്തെങ്കിലും ചലനങ്ങളോ മനുഷ്യസാന്നിധ്യമോ കണ്ടെത്താൻ പ്രത്യേക സ്പോട്ട്-ലൊക്കേഷൻ ക്യാമറകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ദുരന്തബാധിത മേഖലയിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും ദുരന്തസ്ഥലത്ത് തുടരുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുകയാണ്.
Comments ()