'മൂന്നുപേരും സ്പോട്ടിൽ തീർന്നു'; നെടുമ്പാശേരി അപകടത്തിലെ ഫോൺ സംഭാഷണം പുറത്ത്

കേസിൽ സാക്ഷികളുടെ മൊഴികൾ ഇനിയും രേഖപ്പെടുത്താനുള്ളതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

'മൂന്നുപേരും സ്പോട്ടിൽ തീർന്നു'; നെടുമ്പാശേരി അപകടത്തിലെ ഫോൺ സംഭാഷണം പുറത്ത്

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ കോടതി നാളെ വിധി പറയും. പ്രതികൾ റിമാൻഡിലായി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യത്തിനായി അപേക്ഷ നൽകിയത്. കേസിൽ സാക്ഷികളുടെ മൊഴികൾ ഇനിയും രേഖപ്പെടുത്താനുള്ളതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കേസിലെ മൂന്നാം പ്രതി ജോയൽ അപകടത്തിനു പിന്നാലെ സുഹൃത്തിന് അയച്ച ശബ്ദസന്ദേശം സുഹൈൽ സജീവിന് തിരിച്ചടിയായിരിക്കുകയാണ്. രാവിലെ 9.25ന് അയച്ച സന്ദേശം പൊലീസ് കോടതിയിൽ സമർപ്പിച്ചു. സന്ദേശത്തിൽ മദ്യപിച്ചതിനെക്കുറിച്ചും അമിതവേഗത്തിൽ വാഹനം ഓടിച്ചതിനെക്കുറിച്ചും ജോയൽ പറയുന്നുണ്ട്. “ബാറിൽ പോയി മദ്യപിച്ചു. നേരത്തെ മദ്യപിച്ചതിന് പുറത്താണ് കഴിച്ചത്. ഞാനും അടിച്ചു ഒരു ബിയർ. തിരിച്ചുവരുന്ന വഴി ഭയങ്കര സ്പീഡിനാണ് വണ്ടി ഓടിച്ചത്. സ്കൂട്ടറിൽ ഇടിച്ചു, മൂന്നുപേരും തെറിച്ചുവീണു” എന്നാണ് ശബ്ദസന്ദേശത്തിലെ പരാമർശം.

അപകടത്തിനു ശേഷം നിനവ്, അമീൻ എന്നിവരോട് അവിടെനിന്ന് പോകാൻ പറഞ്ഞതിനെക്കുറിച്ചും സന്ദേശത്തിൽ ജോയൽ പറയുന്നുണ്ട്. “നിനവ് ആണ് എന്നോടും അമീനോടും വിട്ടോളാൻ പറഞ്ഞത്. മൂന്നുപേരും സ്പോട്ടിൽ തീർന്നു. ഓ.. ആ വിറയൽ മാറിയിട്ടില്ല. ആ സുഹൈൽ പറയുകയാണ് ബാപ്പ നോക്കിക്കോളുമെന്ന്. നാട്ടുകാർ അതു കേട്ടിട്ട് ഇടി കൊടുത്തു. നിനവിനും കിട്ടി ഇടി” എന്നും ശബ്ദസന്ദേശത്തിലുണ്ട്. ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശേരി അത്താണി സിഗ്നലിന് സമീപമുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ വയനാട് സ്വദേശി ദേവിക (21), മംഗളൂരു സുള്ള്യ സ്വദേശി ഇയാസ് (21), പാലക്കാട് സ്വദേശി ഗോപിക (21) എന്നിവർ മരിച്ചിരുന്നു. സുഹൈൽ സജീവ്, നിനവ്, അമീൻ എന്നിവരാണ് കേസിലെ പ്രതികൾ. ജാമ്യാപേക്ഷയിൽ കോടതി നാളെ തീരുമാനമെടുക്കും.