കുടുംബവഴക്ക്: ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ച യുവാവ് മരിച്ചു
വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വപ്‌നേശ്വരിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഭുവനേശ്വര്‍: കുടുംബ വഴക്കിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ഒഡീഷയില്‍ യുവാവ് മരിച്ചു. ബോലാങ്കിര്‍ ജില്ലയിലെ ചിന്മിഭാട്ടി പാദ സ്വദേശിയായ സ്വപ്‌നേശ്വര്‍ മിശ്രയാണ് മരണപ്പെട്ടത്. വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വപ്‌നേശ്വരിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ബോളാങ്കിര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചിന്മിഭാട്ടി പാദയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ബോലാങ്കിറിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഇയാളെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചിരുന്നു.
എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ യുവാവിന്റെ ആരോഗ്യനില വീണ്ടും വഷളാവുകയും തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. ഇവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇയാള്‍ മരണപ്പെട്ടത്. സംഭവത്തില്‍ യുവാവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്റെ മരണത്തിന് ഉത്തരവാദി മരുമകളാണെന്നും കേസില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് പിതാവിന്റെ പരാതിയിലെ ആവശ്യം.
Comments ()