ശ്രീലേഖ രാജിവെക്കുമോ? തീരുമാനം മാറ്റാൻ പരിശ്രമിച്ച്‌ ബിജെപി

രാജി പ്രഖ്യാപനത്തിനു പിന്നാലെ ശ്രീലേഖ തിരുവനന്തപുരത്ത് എത്തിയതായി വിവരമുണ്ടെങ്കിലും വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല

ശ്രീലേഖ രാജിവെക്കുമോ? തീരുമാനം മാറ്റാൻ പരിശ്രമിച്ച്‌ ബിജെപി

തിരുവനന്തപുരം: കൗൺസിലർ സ്ഥാനത്തുനിന്നുള്ള ആർ. ശ്രീലേഖയുടെ രാജി നീക്കം തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി ബിജെപി നേതൃത്വം. തിങ്കളാഴ്ച കോർപ്പറേഷൻ സെക്രട്ടറിക്ക് രാജിക്കത്തിന്റെ പകർപ്പ് കൈമാറാനുള്ള നീക്കം ഒഴിവാക്കുകയാണ് നേതാക്കളുടെ ലക്ഷ്യം. അതേസമയം, ശ്രീലേഖയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകുമോയെന്ന് എൽഡിഎഫും യുഡിഎഫും ഉറ്റുനോക്കുകയാണ്.

രാജി പ്രഖ്യാപനത്തിനു പിന്നാലെ ശ്രീലേഖ തിരുവനന്തപുരത്ത് എത്തിയതായി വിവരമുണ്ടെങ്കിലും വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. രാജി തീരുമാനവുമായി മുന്നോട്ടുപോകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. നേതാക്കൾ അവരുമായി ചർച്ച നടത്തി തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് ശ്രീലേഖ രാജിവയ്ക്കാനുള്ള തീരുമാനം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നായിരുന്നു സന്ദേശത്തിലെ വിശദീകരണം. മേയർക്ക് രാജിക്കത്ത് നൽകിയതായും തിങ്കളാഴ്ച കത്തിന്റെ പകർപ്പ് കോർപ്പറേഷൻ സെക്രട്ടറിക്ക് കൈമാറുമെന്നും അവർ അറിയിച്ചിരുന്നു. വാർഡിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയും രേഖപ്പെടുത്തിയിരുന്നു.