ട്രംപിന്റെ പുതിയ നയം ഇന്ത്യൻ മരുന്ന് മേഖലയെ ബാധിക്കുമോ? അമേരിക്കൻ തീരുവ പ്രഖ്യാപനത്തിൽ ആശങ്ക
പുതിയ പദ്ധതിപ്രകാരം 2026 ഓഗസ്റ്റ് മുതൽ അമേരിക്കയിലേക്ക് എത്തുന്ന ജനറിക് മരുന്നുകൾക്ക് ആദ്യ രണ്ട് വർഷം തീരുവ ഒഴിവാക്കും. തുടർന്ന് മൂന്നാം വർഷം മുതൽ 100 ശതമാനവും പിന്നീട് 200 ശതമാനവും വരെ തീരുവ ഉയർത്താനാണ് തീരുമാനം
ന്യൂഡൽഹി: ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഉയർന്ന തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കം ഇന്ത്യൻ മരുന്ന് വ്യവസായത്തിൽ ആശങ്ക ഉയർത്തുന്നു. രാജ്യത്തിനുള്ളിൽ തന്നെ മരുന്ന് നിർമാണം പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
പുതിയ പദ്ധതിപ്രകാരം 2026 ഓഗസ്റ്റ് മുതൽ അമേരിക്കയിലേക്ക് എത്തുന്ന ജനറിക് മരുന്നുകൾക്ക് ആദ്യ രണ്ട് വർഷം തീരുവ ഒഴിവാക്കും. തുടർന്ന് മൂന്നാം വർഷം മുതൽ 100 ശതമാനവും പിന്നീട് 200 ശതമാനവും വരെ തീരുവ ഉയർത്താനാണ് തീരുമാനം. അമേരിക്കയിൽ നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കൻ ജനറിക് മരുന്ന് വിപണിയിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. യുഎസിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്നാണ് എത്തുന്നത്. 2024-25 കാലയളവിൽ ഇന്ത്യ അമേരിക്കയിലേക്ക് വൻതോതിൽ ഫാർമ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നു. അതിനാൽ പുതിയ നയം ഇന്ത്യൻ മരുന്ന് കമ്പനികളുടെ കയറ്റുമതിയെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്.
അമേരിക്കൻ വിപണിയെ പ്രധാനമായും ആശ്രയിക്കുന്ന കമ്പനികൾക്ക് പുതിയ തീരുമാനം വെല്ലുവിളിയാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വിലകുറഞ്ഞ ഇന്ത്യൻ മരുന്നുകളുടെ ലഭ്യതയിലും ഇതിന്റെ സ്വാധീനം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. നേരത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ ജനറിക് മരുന്നുകൾക്ക് അനുകൂല സമീപനം പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പ്രഖ്യാപനം ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ഫാർമ കമ്പനികളുടെ ഓഹരികളിലും സമ്മർദ്ദം പ്രകടമായി. പ്രമുഖ മരുന്ന് നിർമാതാക്കളായ സൺ ഫാർമ, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ ഓഹരികൾ ഇടിഞ്ഞു. അമേരിക്കൻ വിപണിയിലെ ഭാവി സാധ്യതകളെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയാണ് വിപണിയിലെ തിരിച്ചടിക്ക് കാരണം.
Comments ()