തിരൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം, മക്കൾ ഗുരുതരാവസ്ഥയിൽ
മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ മരണവിവരം അറിയാതെ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനിലയെച്ചൊല്ലി ബന്ധുക്കളും നാട്ടുകാരും ആശങ്കയിലാണ്
മലപ്പുറം: തിരൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. താനാളൂർ വലിയപാടം സ്വദേശിനിയും നിറമരുതൂർ പഞ്ചാരമൂല മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യയുമായ തെസ്നി (35) ആണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ മരണവിവരം അറിയാതെ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനിലയെച്ചൊല്ലി ബന്ധുക്കളും നാട്ടുകാരും ആശങ്കയിലാണ്.
കൂട്ടായി–തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന കല്ലിങ്ങൽ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെ തിരൂർ പൂക്കയിൽ റോഡിലായിരുന്നു സംഭവം. കൂട്ടായിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിർദിശയിലേക്ക് കയറി ഉണ്യാൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിൽ കുടുങ്ങി. സ്കൂട്ടറുമായി കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. ബസിനടിയിൽ കുടുങ്ങിയ തെസ്നിക്ക് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. അമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അപകടത്തിനുശേഷം ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് വിവരം. പൊലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറെ കണ്ടെത്താനും അപകടത്തിന്റെ കാരണം വ്യക്തമാക്കാനും അന്വേഷണം ആരംഭിച്ചു. ബസ് എതിർദിശയിലേക്ക് പ്രവേശിക്കാനുണ്ടായ സാഹചര്യമടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. തെസ്നിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
Comments ()