സ്വത്തുതർക്കം രൂക്ഷമായി: അമ്മായിയമ്മയെ കറിക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് മരുമകൾ

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് മരുമകളെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

സ്വത്തുതർക്കം രൂക്ഷമായി: അമ്മായിയമ്മയെ കറിക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് മരുമകൾ

ഹൈദരാബാദ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മായിയമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ പിടിയില്‍. സിക്കന്തരാബാദിലെ ചില്‍കല്‍ഗുഡയില്‍ താമസിക്കുന്ന ഡി. വിജയലക്ഷ്മിയെ (33) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ, വിജയലക്ഷ്മി അടുക്കളയില്‍നിന്ന് കറിക്കത്തിയെടുത്ത് അമ്മായിയമ്മയായ ദേവരായി പത്മാവതിയെ (57) കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്മാവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചില്‍കല്‍ഗുഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ദീര്‍ഘകാലമായി നിലനിന്നിരുന്ന കുടുംബ വഴക്കും സ്വത്തു തര്‍ക്കവുമാണ് ചില്‍ക്കല്‍ഗുഡയില്‍ ഭര്‍തൃമാതാവിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 21-ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലിരിക്കുകയായിരുന്ന ഭര്‍തൃമാതാവ് പത്മാവതിയെ മരുമകള്‍ വിജയലക്ഷ്മി പച്ചക്കറി മുറിക്കുന്ന മൂര്‍ച്ചയുള്ള കത്തിയുമായി എത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.