മൈസൂരുവിൽ ക്രൂരത: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; രക്ഷപ്പെട്ടത് തന്ത്രപരമായി

മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ.

മൈസൂരുവിൽ ക്രൂരത: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; രക്ഷപ്പെട്ടത് തന്ത്രപരമായി

മൈസൂരു: മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിയായ മുപ്പതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിലായി. ടി.നരസിപുര സ്വദേശികളായ കിരൺ, കിഷോർ, റിയാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടി.നരസിപുരയിലെ ഫാസ്റ്റ് ഫുഡ് കടയിൽ ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

സുഹൃത്തിന്റെ വീട്ടിലെ പിറന്നാളാഘോഷത്തിന് ശേഷം രാത്രി 9.45-ഓടെ ടി. നരസിപുര ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയതായിരുന്നു യുവതി. ഈ സമയം കാറിലെത്തിയ പ്രതികള്‍ വഴി ചോദിക്കാനെന്ന വ്യാജേന യുവതിയെ സമീപിച്ചു. കന്നഡ അറിയില്ലെന്ന് പറഞ്ഞിട്ടും യുവതിയെ ബലമായി കാറില്‍ വലിച്ചുകയറ്റുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ ഒരു ലോഡ്ജിലെത്തിച്ച് മൂവരും ചേര്‍ന്ന് മാറിമാറി പീഡിപ്പിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന 5,000 രൂപയും പ്രതികള്‍ കവര്‍ന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ട പ്രതികളോട്, തുക താമസസ്ഥലത്തുണ്ടെന്നും അവിടെ എത്തിച്ചാല്‍ തരാമെന്നും യുവതി തന്ത്രപൂര്‍വ്വം പറഞ്ഞു. തുടര്‍ന്ന് കാറില്‍ യുവതിയെ താമസസ്ഥലത്ത് എത്തിച്ചപ്പോള്‍, യുവതി ഓടി വീട്ടുടമയുടെ ഫ്‌ലാറ്റില്‍ കയറി വിവരമറിയിക്കുകയായിരുന്നു.

വീട്ടുടമ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ യുവതിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.