ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; മഴ ശക്തമാകാൻ സാധ്യത, നാല് ജില്ലകളിൽ ജാഗ്രത
ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനിടയുണ്ട്. ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലാക്ക കടലിടുക്കിന് മുകളിലുള്ള ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. തുടർന്ന് ഇത് ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥാ സംവിധാനത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുള്ളത്. ചിലയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, മന്നാർ ഉൾക്കടലിനും തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന പ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിൽനിന്ന് മധ്യവടക്കൻ മഹാരാഷ്ട്രയിലേക്ക് വ്യാപിക്കുന്ന ന്യൂനമർദ്ദ പാത്തി ഉൾനാടൻ തമിഴ്നാടും ഉൾനാടൻ കർണാടകയും കടന്നുപോകുന്നു. ഈ സാഹചര്യത്തിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
Comments ()