മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് യുവഡോക്ടർ മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

ഓഗസ്റ്റ് മൂന്നിന് രാജമുണ്ട്രിയിലെ ഷോപ്പിങ് മാളിന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രിയങ്കയെ കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്

മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് യുവഡോക്ടർ മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

ഹൈദരാബാദ്: രാജമുണ്ട്രിയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥിനി ഡോ. കനിക പ്രിയങ്ക ആണ് ഹൈദരാബാദിലെ ആശുപത്രിയിൽ മരിച്ചത്.

29 വയസ്സായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പ്രിയങ്കയുടെ മസ്തിഷ്കമരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിന് രാജമുണ്ട്രിയിലെ ഷോപ്പിങ് മാളിന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രിയങ്കയെ കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

മാളിലെ സിനിമാ തിയേറ്ററിൽ പ്രവേശിക്കാൻ ശ്രമിച്ച യുവാക്കളെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരുമായി തർക്കിച്ച ഇരുവരും പിന്നീട് കാറിൽ മടങ്ങുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചത്. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഇവർ വാഹനം നിർത്താതെ രക്ഷപ്പെടുകയായിരുന്നു.

അപകടത്തിൽ പ്രിയങ്കയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. പ്രിയങ്കയെ ആദ്യം രാജമുണ്ട്രിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

അപകടത്തിന് ശേഷം ഒളിവിൽ പോയ കാറിലുണ്ടായിരുന്ന സുരവാരപ്പു ദുഷ്യന്ത്, ആൻഡ്രൂ ജോസഫ് എഡ്വേർഡ്സ് എന്നിവരെ ഓഗസ്റ്റ് ആറിന് പൊലീസ് അറസ്റ്റ് ചെയ്തു.