മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല: ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി പേരക്കുട്ടി; ഗുരുതര പരിക്ക്

ഗെടെ സ്വദേശിയായ ഇന്ദ്രജിത് ബിശ്വാസ് (30) എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്

മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല: ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി പേരക്കുട്ടി; ഗുരുതര പരിക്ക്

കൊല്‍ക്കത്ത: ചെറുപ്പം മുതല്‍ ഒപ്പം വളര്‍ത്തിയ മുത്തശ്ശിയുടെ വേര്‍പാടില്‍ മനംനൊന്ത് പേരക്കുട്ടി ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദീപില്‍ തിങ്കളാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം നടന്നത്. ഗെടെ സ്വദേശിയായ ഇന്ദ്രജിത് ബിശ്വാസ് (30) എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബന്ധുക്കളുടെ സമയബന്ധിതമായ ഇടപെടലില്‍ ജീവന്‍ രക്ഷിക്കാനായെങ്കിലും യുവാവിന് ഗുരുതരമായി പൊള്ളലേറ്റു.

മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മുത്തശ്ശിയുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തിലെ ചൂളയിലേക്ക് വച്ച് അടയ്ക്കാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുവാവ് ഉള്ളിലേക്ക് ചാടിയത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ ഏറെ പണിപ്പെട്ട് യുവാവിനെ പുറത്തെത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദ്രജിത്തിനെ നബദീപിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. മുത്തശ്ശിയുടെ മരണശേഷം പകല്‍ മുഴുവന്‍ കരഞ്ഞു തളര്‍ന്നിരുന്ന യുവാവ് സംസ്‌കാര സമയത്ത് ഇത്തരമൊരു പടി കടന്നതില്‍ വലിയ ഞെട്ടലിലാണ് കുടുംബാംഗങ്ങള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.